എം.ടി യുടെ ഏകദേശം എല്ലാ ബുക്കുകളും ഞാൻ ചെറുപ്പത്തിലെ വായിച്ചിരുന്നു. അദ്ദേഹം കഥ പറയുന്നതിൽ വിരുതുള്ള ആളാണെന്നതിൽ (master storyteller) ഒരു സംശയുവുമില്ലായിരുന്നു എങ്കിലും എനിക്കദ്ദേഹത്തെ അത്രക്കും ഇഷ്ടമില്ലായിരുന്നു. അതിനു കാരണം അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വായിച്ചു കഴിഞ്ഞാൽ വല്ലാത്ത ഒരു മരവിപ്പനുഭവപ്പെടുമായിരുന്നു എന്നതു തന്നെ. അത്രയ്ക്കും വിഷാദവും ഏകാന്തതയും ദുഃഖവും ആ പുസ്തകങ്ങൾ എന്നിൽ ഉളവാക്കിയിരുന്നു. എന്റെ ടീനേജ് പ്രായത്തിൽ അത്രയ്ക്കും അനുസ്വനം വേണ്ടിയിരുന്നില്ല എന്നതായിരിക്കും, ഒരു പക്ഷേ, ശരി.
നിർമാല്യം സിനിമ ഇറങ്ങിയപ്പോൾ കാണാൻ സാധിച്ചില്ല. അന്നെനിക്ക് 14 വയസായിരുന്നു. ഏതാണ്ടു 10 വർഷങ്ങൾക്ക് ശേഷം ജോലിയൊക്കെ ആയതിനു ശേഷം TV-യിലാണത് കണ്ടെതെന്നു തോന്നുന്നു. അനുഭവ ദുഃഖങ്ങളുടെ മോഹാലസ്യത്തിൽ (trance) ദൈവത്തിന്റെ കഴുത്തു വെട്ടിയിടുന്ന വെളിച്ചപ്പാടിനെ അവതരിപ്പിക്കാൻ ഇന്നല്ല, അന്നും ആർക്കും ധൈര്യം വരില്ല, എം.ടിക്കല്ലാതെ. കാരണം, അദ്ദേഹത്തിന്റെ ഒരു ചെയ്തിയിലും ഒരു മലയാളിയും ഒരിക്കലും കുറ്റം കണ്ടിരുന്നില്ല എന്നതു തന്നെ.
1987-ൽ ആണെന്നു തോന്നുന്നു, കമ്പനിയുടെ സെയിൽസ് റിവ്യൂ ചെന്നൈ റീജിനൽ ഓഫീസിൽ കഴിഞ്ഞു സഹപ്രവർത്തകനോടൊപ്പം എറണാകുളത്തേക്ക് മടങ്ങുമ്പോൾ ട്രിവാൻഡ്രം മെയിലിൽ മൂന്നു പേർക്കുളള എ.സി കുപ്പെയിൽ മൂന്നാമൻ എം.ടി ആയിരുന്നു. ആദ്യം ഒരു പരിഭ്രമമാണു തോന്നിയെങ്കിലും പരിചയപ്പെടുകയും പിന്നീട് കുറെ നേരം സംസാരിച്ചിരിക്കാനും സാധിച്ചു. സമയമെടുത്ത് അളന്നുകുറിച്ച വാക്കുകളിൽ ഉത്തരം തന്നും പലപ്പോഴും ഉത്തരം തരാതെ മിണ്ടാതിരുന്നും അദ്ദേഹം സംസാരത്തിൽ ഭാഗഭാക്കായി. തടസ്സമില്ലാതെ സാധാരണ നിലയിൽ അദ്ദേഹത്തോട് സസാരിക്കാൻ കഴിഞ്ഞു എന്നതു ഒരു വലിയ കാര്യമായി ഇന്ന് ഇപ്പോൾ തോന്നുന്നു. ഏതോ സിനിമയുടെ കാര്യത്തിന് വന്നിട്ട് ചെന്നൈയിൽ നിന്നും ആലുവയിലേക്ക് സഞ്ചരിക്കുകയായിരുന്നു അദ്ദേഹം.
കൂടെയുണ്ടായിരുന്ന ഏന്റെ സഹപ്രവർത്തകനായ അനിൽ പാലത്തിങ്കലും നല്ല ഒരു വയനക്കാരനായിരുന്നു. വി.കെ.എൻ, സക്കറിയ തുടങ്ങിയവരെപ്പറ്റിയാണ് അനിൽ അദ്ദേഹത്തോട് സംസാരിച്ചത്.
അദ്ദേഹം പണ്ടെങ്ങോ എഴുതിയ ഒരു യാത്രാവിവരണത്തിൽ ഹാൻഡ്ലഗേജിൽ ദിനേശ്ബീഡിയുടെ കെട്ടുകൾ കണ്ടു അമേരിക്കൻ എയർപോർട്ടിൽ കസ്റ്റംസ് ഓഫീഷ്യൽസ് അദ്ദേഹത്തെ ചോദ്യം ചെയ്തയിനെപ്പറ്റി ഞാൻ വായിച്ചിരുന്നു. അതെങ്ങനെ കൈകാര്യം ചെയ്തു എന്ന് ചോദിച്ചപ്പോൾ ബീഡി വലിച്ചു കാണിച്ചുകൊടുത്തു എന്ന് മറുപടി തന്നു.
കൂടുതൽ ബട്ടണുകൾ അദ്ദേഹമിടാത്ത ഷർട്ടിനുള്ളിൽ ശരീരത്തിൽ നെടുനീളത്തിനു diagonal ആയി ഒരു തടിപ്പുണ്ടായിരുന്നു. ഞാനതിനെപറ്റി ചോദിച്ചപ്പോൾ കുറച്ച് വർഷങ്ങൾക്ക് മുൻപു വയറു കീറി ഒരു മേജർ ശസ്ത്രക്രിയ ചെയ്യേണ്ടി വന്നുവെന്നും അതിന്റെ തയ്യൽപാടാണെന്നും പറഞ്ഞു.
വി.എസ്. ഖണ്ഡേക്കർ എഴുതിയ ‘യയാതി’ കൃതിയുടെ ഇംഗ്ലീഷ് പരിഭാഷ മുമ്പേ വായിച്ചിരുന്ന ഞാൻ പിൽക്കാലത്ത് എം. ടി യുടെ ‘രണ്ടാമൂഴം’ നോവലും വായിച്ചിരുന്നു. അന്നു മുതൽ എന്റെ മനസ്സിൽ തോന്നിയിരുന്നത് എം.ടി, യയാതി എന്ന കൃതിയിൽ നിന്നും ഒരു ‘inspiration’ രണ്ടാമൂഴം എഴുതാൻ എടുത്തിട്ടുണ്ടാകും എന്നാണ്. ഈ ചോദ്യം ഒരു മുഖവുരയോടു കൂടി ഞാൻ അദ്ദേഹത്തോട് കുറച്ച് പേടിയോടെ തന്നെ ചോദിച്ചു. കുറെ നേരം ഒന്നും മിണ്ടാതെ അദ്ദേഹം പറഞ്ഞു, “യയാതി വായിച്ചപ്പോൾ ഇന്ത്യൻ പുരാണങ്ങളിലെ പല കഥാപാത്രങ്ങൾക്കും പലതും പറയാനുണ്ടാകും എന്ന് തോന്നിയിരുന്നു.”
Yes എന്നോ No എന്നോ അദ്ദേഹം പറഞ്ഞില്ല. പക്ഷേ മറുപടി അർദ്ധഗർഭമായിരുന്നു.
അതിനാലാവാം എല്ലാവരും പൊണ്ണത്തടിയൻ പൊട്ടൻ എന്ന് കരുതിയിരുന്ന ഭീമസേനനെ ഒരു ചിന്തിക്കുന്ന വികാരജീവിയായി അദ്ദേഹം രണ്ടാമൂഴത്തിലൂടെ മാറ്റിയെടുത്തത്. അത് തന്നെയല്ലേ മലബാറുകാർ ചതിയൻ എന്ന് വെറുപ്പോടെ വിളിച്ചിരുന്ന ചന്തുവിന്റെ പരിവേഷം പാടേ അദ്ദേഹം മാറ്റി എഴുതിയത്?
അസാമാന്യമായ സർഗശക്തിയുള്ള ഒരു കഥാകാരനു മാത്രമേ ഇങ്ങനെയൊരു ഒരു വീക്ഷണം സാധ്യാമാകൂ, തീർച്ച.
ഒരു കഥ ഉള്ളിൽ കിടന്നു മഥിക്കുമ്പോൾ ആരോടും ഒന്നും മിണ്ടാതെ, അതിനെ പേനതുമ്പിലുടെ പുസ്തക രൂപത്തിലാക്കി വായനക്കാരുടെ മനസ്സിളക്കിപ്പിക്കുന്ന ഇതിവൃത്തമാക്കി മാറ്റാനുള്ള എം.ടിയുടെ കഴിവിനെ നമിക്കുന്നു. ആ നോവലുകളിലൂടെ, തിരക്കഥകളിലൂടെ, എഴുത്തുകളിലുടെ, സിനിമ സംവിധാനത്തിലൂടെ മലയാള ഭാഷ ഉള്ളടത്തോളം കാലം, അതിൽ എം.ടി. വാസുദേവൻ നായരുടെ കാൽപ്പാടുകൾ ഉണ്ടാകും.